കൊച്ചി: വെള്ളിയാഴ്ച വൈകിട്ട് 3.45 പുറത്ത് തകര്‍ത്തുപെയ്യുന്ന മഴ. നനഞ്ഞു കുതിര്‍ന്ന യൂണിഫോമില്‍ രണ്ടു സ്കൂള്‍ വിദ്യാര്‍ഥികള്‍ വരാപ്പുഴ പൊലിസ് സ്റ്റേഷനിലേക്ക് കയറിച്ചെന്നു. കൈയിലുണ്ടായിരുന്നത് നനഞ്ഞു കുതിര്‍ന്ന ഒരു 200 രൂപ നോട്ട്. പൊലിസുകാരുടെ അടുത്തെത്തി അവര്‍ പറഞ്ഞു; സാറേ, വഴിയില്‍ കിടന്നു കിട്ടിയതാണ്.
കളഞ്ഞുകിട്ടിയ പണം സ്വന്തമാക്കാതെ ഉടമയെ കണ്ടെത്താന്‍ പൊലിസിനെ ഏല്‍പ്പിക്കാനെത്തിയ ഒമ്പതാം ക്ലാസുകാരുടെ സത്യസന്ധതയ്ക്കു മുന്നില്‍ ഒരു നിമിഷം പൊലിസുകാരും അമ്പരന്നുപോയി. പെരുമഴയത്ത് നനഞ്ഞൊലിച്ചെത്തിയ ആ കുരുന്നുകളുടെ കൈയില്‍ 200 രൂപ മാത്രമായിരുന്നില്ല, മനസുനിറയെ നന്മയുണ്ടായിരുന്നു. വരാപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ആരോണ്‍, ലിയോണ്‍ നെല്‍സണ്‍ എന്നിവരാണ് മാതൃകയായത്.
വരാപ്പുഴ പൊലിസ് സ്റ്റേഷനിലെ എഎസ്ഐമാരായ ഇ.എം. ജെനീഷ്, അജയകുമാര്‍, സ്വപ്ന, സിപിഒമാരായ ബിജുരാജ്, ജോബി ജോസഫ് എന്നിവരായിരുന്നു ആ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നത്. പൊലിസുകാര്‍ കുട്ടികളോട് വിശേഷങ്ങള്‍ ചോദിച്ചപ്പോഴാണ് വഴിയില്‍നിന്ന് കിട്ടിയ പണം കൈമാറാനെത്തിയതാണെന്ന് അറിയിച്ചത്. അപ്രതീക്ഷിതമായ ഈ പ്രവൃത്തി പൊലിസുകാരെ ശരിക്കും അത്ഭുതപ്പെടുത്തി.
പണം കൈമാറിയശേഷം ട്യൂഷനു പോകാനൊരുങ്ങിയ കുട്ടികളെ മഴ നനഞ്ഞ് യാത്ര തുടരാന്‍ അവര്‍ ആദ്യം അനുവദിച്ചില്ല. പിന്നീട് സ്റ്റേഷനില്‍നിന്ന് പട്രോളിംഗിനിറങ്ങുമ്പോള് ഉപയോഗിക്കാനായി വാങ്ങിവച്ചിരുന്ന റെയിന്‍കോട്ടുകള്‍ ധരിപ്പിച്ചാണ് കുട്ടികളെ പോലിസുകാർ യാത്രയാക്കിയത്. വരാപ്പുഴ മാളിയേക്കല്‍ സിജന്റെ മകനാണ് ആരോണ്‍. വരാപ്പുഴ മാളിയേക്കല്‍ നെല്‍സന്റെ മകനാണ് ലിയോണ്‍ നെല്‍സണ്‍.